കുളങ്ങാട്ട് മലയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു

ചെറുവത്തൂര്‍: ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. സമീപത്തെ 30 ഓളം കുടുംബങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. വനം വകുപ്പിന്‍റെ അധീനതയിലുള്ള തുരുത്തി കുളങ്ങാട്ട് മലയില്‍ ഒന്നര അടിയോളം വീതിയില്‍ 30 ഓളം മീറ്റര്‍ ദൂരത്തിലാണ് വിള്ളല്‍. കുഴിക്ക് ഒന്നരമീറ്ററിലധികം ആഴവുമുണ്ട്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് എംഎല്‍എ എം രാജഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്‍റ് സിവി പ്രമീള, എഡിഎം പി അഖില്‍, വില്ലേജ് ഓഫീസര്‍മാരായ കെ സുരേഷ്, വിനോദ് കണ്ണോത്ത്, വാര്‍ഡ് മെമ്പര്‍ രമണി തുടങ്ങിയവരും ദുരന്ത നിവാരണ അതോറിറ്റി അധികൃതരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. നെല്ലിക്കാല്‍ അംബേദ്കര്‍ ഉന്നതിയിലെ മുപ്പത് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്.